Saturday 13 October 2012

കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍: പണ്ഡിതശ്രേഷ്ഠന്‍

കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍: പണ്ഡിതശ്രേഷ്ഠന്‍


ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ;
        ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്‌ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത് മുഹമ്മദ് മുസ്‌ല്യാരാണ്. 
കേരള മുസ്‌ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്. പഴമ, എളിമ, വിനയം എന്നിവയെല്ലാം ഒത്തുചേര്‍ന്ന ഇസ്‌ലാമികമഹിതമായ സ്വഭാവഗുണങ്ങളെല്ലാം പരിലസിക്കുന്ന വലിയ മനുഷ്യനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍. എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരിക്കുന്ന ആ പണ്ഡിതശ്രേഷ്ഠനെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം എല്ലാസമയത്തും ആ മുഖത്തുണ്ടായിരുന്നു. 
സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കാളമ്പാടിയില്‍നിന്നു പൊടുന്നനെ മറുപടി കിട്ടുമായിരുന്നില്ല. സംശയത്തിന്റെ എല്ലാ വ്യാപ്തിയും ഉറപ്പുവരുത്തിയേ പ്രതികരിക്കുമായിരുന്നുള്ളൂ. കുറഞ്ഞ വാക്കുകളോടെ നാട്ടുഭാഷയിലായിരുന്നു കാളമ്പാടി സംസാരിച്ചിരുന്നതും സംശയനിവൃത്തി വരുത്തിയിരുന്നതും. മത-വൈജ്ഞാനിക പ്രചാരണരംഗത്തും സമസ്തയുടെ പ്രവര്‍ത്തനവഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള കാളമ്പാടി, സമസ്തയുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കവും തഴക്കവുമുള്ള വ്യക്തിത്വമായിരുന്നു. 
1971 മെയ് രണ്ടിന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ കെ കെ അബൂബക്കര്‍ ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയാണ് അദ്ദേഹത്തെ അംഗമായി തിരഞ്ഞെടുത്തത്. അന്നു മഹാനായ കണ്ണിയത്തായിരുന്നു സമസ്തയുടെ പ്രസിഡന്റ്. സമസ്തയുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും കാല്‍നടയായി സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത അദ്ദേഹം, ഒരുകാലത്തും പദവികളോ സ്ഥാനങ്ങളോ ആഗ്രഹിക്കുകയോ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല. 
സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് വലിയവായില്‍ സംസാരിക്കാനും ആ മാതൃകായോഗ്യന്‍ സന്നദ്ധനായിരുന്നില്ല. മൈത്ര, മുണ്ടക്കുളം, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, കിടങ്ങയം, അരീക്കോട് എന്നിവിടങ്ങളില്‍ മുദരിസായ കാലങ്ങളില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇന്നും നാട്ടുകാര്‍ അയവിറക്കുന്നുണ്ട്. അരീക്കോടിന്റെ ഉള്‍നാടുകളില്‍ സുന്നിമദ്‌റസകള്‍ സ്ഥാപിക്കുന്നതിനായി കാളമ്പാടി കഷ്ടപ്പെട്ട കഥകള്‍ സമസ്ത ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. 
അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടു മാത്രമാണ് ദീനീപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തിരുന്നത്. സ്വന്തം ജീവിതം മാതൃകയാവണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ പറഞ്ഞ് മഹാനാവാനോ നാട്ടുകാരെ കൈയിലെടുക്കാനോ ഒന്നും ആ പണ്ഡിതന്‍ ഒരുക്കമായിരുന്നില്ല. 
സമസ്തയുടെ ഒഴിവുവന്ന പ്രസിഡന്റ്സ്ഥാനത്തേക്കു പാണക്കാട് ഉമറലി ശിഹാബ് തങ്ങളാണ് കാളമ്പാടിയുടെ പേരുപറഞ്ഞത്. സര്‍വരാലും ആ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. സമുദായത്തിന്റെ പഴയകാലപണ്ഡിതന്മാരുടെ എല്ലാ വിശേഷണങ്ങളും ഒത്തുചേര്‍ന്ന മഹാനായിരുന്നു അദ്ദേഹം. ഭൗതികഭ്രമത്തിന്റെ കൈയേറ്റങ്ങള്‍ക്കിടയിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി, വര്‍ത്തമാനസമുദായത്തിന്റെ അനുഗ്രഹമായിരുന്നു. 
സമസ്തയുടെ ഔദ്യോഗികസ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ അധ്യാപകജോലി അവസാനസമയം വരെ തുടര്‍ന്നിരുന്നു. 1961ല്‍ വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് എം.എഫ്.ബി ബിരുദം നേടിയാണ് അദ്ദേഹം അധ്യാപനരംഗത്ത് എത്തിയത്. അതിനു മുമ്പ് വിവിധ പള്ളിദര്‍സുകളില്‍ പഠിച്ചിരുന്നു. അരീക്കോട് ജുമാമസ്ജിദില്‍ മുദരിസായിക്കൊണ്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചിരുന്നത്. 12 വര്‍ഷം അവിടെ തുടര്‍ന്നു. പിന്നീട് മൈത്രയിലേക്കു മാറി. നീണ്ട 10 വര്‍ഷം നെല്ലിക്കുത്ത് മുദരിസായിരുന്നു. അഞ്ചുവര്‍ഷം കിടങ്ങയത്തും മുദരിസായി. ഖാസിയായും ഖത്തീബായും വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്തു. 1993 മുതല്‍ ജാമിഅ നൂരിയ്യയിലെ അധ്യാപക ജോലി ഏറ്റെടുത്തു. മാതൃകായോഗ്യനായ അധ്യാപകനെന്നാണു ശിഷ്യന്മാര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 
ഹദീസ് ഗ്രന്ഥങ്ങളാണു പ്രധാനമായും കാളമ്പാടി പഠിപ്പിച്ചിരുന്നത്. ആരോഗ്യം മോശമായപ്പോള്‍ കോളജിനു പകരം പള്ളിയില്‍വച്ചു ക്ലാസെടുത്തു. തനതുശൈലിയില്‍ ഉദാഹരണങ്ങള്‍ നിരത്തി പഠിതാവിന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു നയിക്കുന്നതായിരുന്നു ആ ക്ലാസുകള്‍. 
ഒരിക്കലും ക്ലാസുകള്‍ മുടക്കാറുണ്ടായിരുന്നില്ല. ആര്‍ഭാടമെന്നത് എന്താണെന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. വലിയ പദവികള്‍ വഹിക്കുമ്പോഴും സിമന്റിടാത്ത, ഓടിന്റെ മേല്‍ക്കൂരയുള്ള ചെറിയ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സഞ്ചരിക്കാന്‍ വാഹനം നല്‍കിയിട്ടും അതു സ്വീകരിക്കാന്‍ ആ മനസ്സ് സന്നദ്ധമായിരുന്നില്ല. 
സാത്വികനായ പണ്ഡിതന്‍ എന്ന വിശേഷണമാണു കാളമ്പാടിക്ക് കൂടുതല്‍ ചേരുക. ഇഹലോകവുമായി എന്നും അകന്നുകഴിഞ്ഞ് പരലോകത്തേക്കുള്ള വലിയ പാഥേയം ഒരുക്കുന്നതിലായിരുന്നു വലിയ താല്‍പ്പര്യം. വിജ്ഞാനസമുദ്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ആവോളം സമ്പാദിച്ച അധ്വാനിയായ പണ്ഡിതനെയാണ് ഞങ്ങള്‍ക്കെല്ലാം ഓര്‍ക്കാനുള്ളത്. 
ശിഷ്യഗണങ്ങളോടും സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും അങ്ങേയറ്റം സ്‌നേഹത്തോടെ പെരുമാറിയ, എളിമയും തെളിമയും മേളിച്ച അപൂര്‍വ വ്യക്തിത്വം തന്നെയായിരുന്നു മുഹമ്മദ് മുസ്‌ല്യാര്‍. അല്‍പ്പം മുന്നോട്ടാഞ്ഞ് ശാന്തമായി മുന്നോട്ടു നടന്നുനീങ്ങുന്ന ആ വലിയ മനുഷ്യന്റെ പരലോകജീവിതം അല്ലാഹു വെളിച്ചമാക്കിക്കൊടുക്കട്ടെ, മര്‍ഹമത്തും മഅ്ഫിറത്തും നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.

No comments:

Post a Comment