Wednesday 9 May 2012

കാന്തപുരത്തിനെതിരെ പൊന്മളയുടെ ഒപ്പ്‌ ശേഖരണം

കാന്തപുരത്തിനെതിരെ പൊന്മളയുടെ ഒപ്പ്‌ ശേഖരണം

സത്താര്‍ പന്തലൂര്‍ ;
സംഘടനയുടെയും സ്ഥാപനത്തിന്റെയും പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ വേണ്ടി അവിശുദ്ധ ബാന്ധവങ്ങള്‍ നടത്തിയതിനെതിരെ ഉയര്‍ന്ന നീക്കങ്ങള്‍ പുറത്തു വരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ തങ്ങളുടെ സംഘടനയുടെയും സ്ഥാപനത്തിന്റെയും ലക്ഷ്യം സുന്നത്ത്‌ ജമാഅത്തിന്റെ പ്രചാരണവും സംരക്ഷണവുമൊക്കെയാണെന്നാണ്‌ വിളംബരം ചെയ്യാറുള്ളത്‌. എന്നാല്‍ അതിന്‌ വിപരീതമായിമാറിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തന്റെ കൂടെ നില്‍ക്കുന്നുവെന്ന്‌ കരുതുന്ന പ്രമുഖര്‍ തന്നെ രംഗത്ത്‌ വന്നതിന്റെ തെളിവുകള്‍ പുറത്തായിരിക്കുകയാണിപ്പോള്‍.

വ്യാജ കേശത്തിന്റെ പേരില്‍ വിവാദം കേരളത്തില്‍ അരങ്ങ്‌ തകര്‍ത്തപ്പോള്‍ വിഘടിത വിഭാഗത്തിലെ പ്രമുഖരൊന്നും കാന്തപുരത്തിന്‌ വേണ്ടി ശബ്ദിക്കാന്‍ തയ്യാറായില്ല. മുടിപള്ളിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പോലും പലരും പങ്കെടുത്തത്‌ പള്ളിയുടെ പേര്‌ മാറ്റിയപ്പോഴാണെന്ന്‌ പുറത്ത്‌ വന്നതിന്‌ പിറകെയാണ്‌ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ള പതിനേഴോളം പേര്‍ കാന്തപുരത്തിനെതിരെ വിഘടിത മുശാവറക്ക്‌ കത്തും ഒപ്പ്‌ ശേഖരണവും നടത്തിയത്‌ പുറത്തായത്‌. വര്‍ഷങ്ങളായി കാന്തപുരം നടത്തിവരുന്ന മതവിരുദ്ധവും ആദര്‍ശവിരുദ്ധവുമായ ചെയ്‌തികളുടെ ഏറ്റവും വലിയ തെളിവാണ്‌ വിഘടിത വിഭാഗത്തില്‍ ഇന്നും ഉന്നതന്മാരായി അറിയപ്പെടുന്നവര്‍ കാന്തപുരത്തിനെതിരെ ഒപ്പ്‌ ശേഖരണം നടത്തിയതിലൂടെ ബോധ്യമാവുന്നത്‌.

1989 ഡിസംബര്‍ മുപ്പതിനാണ്‌ സുന്നീ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച കുവൈത്ത്‌ കരാര്‍ ഒപ്പ്‌ വെക്കുന്നത്‌. കുവൈത്ത്‌ ഔഖാഫ്‌ ഡയരക്ടറും ജമാഅത്ത്‌ ആശയക്കാരനുമായി നാദിര്‍ നൂരിയുടെ കാര്‍മികത്വത്തിലാണ്‌ പ്രമാദമായ കരാറില്‍ കാന്തപുരം ഒപ്പ്‌ വെക്കുന്നത്‌. മുജാഹിദ്‌ വിഭാഗം പ്രതിനിധിയും കെ.എം. മൗലവിയുടെ മകനുമായ അബ്ദുസമദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ മുഹ്‌യിദ്ദീന്‍ അല്‍ കാതിബ്‌, ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി അബ്ദുറഹിമാന്‍ തര്‍വേയ്‌ എന്നിവരോടൊപ്പമാണ്‌ സുന്നത്ത്‌ ജമാഅത്തിനെതിരായ പതിനേഴ്‌ ഇന കരാറില്‍ കാന്തപുരം ഒപ്പ്‌ വെച്ചത്‌.

ആദര്‍ശ വിരുദ്ധവും സത്യസന്ധതക്കെതിരുമായ ഈ കരാറില്‍ പ്രതിഷേധിച്ച്‌ കാന്തപുരം ഗ്രൂപ്പ്‌ വിട്ട്‌ സമസ്‌തയിലേക്ക്‌ അക്കാലത്ത്‌ പല പ്രമുഖരും കടന്നുവന്നിരുന്നു. എന്നാല്‍ തനിക്കെതിരെ തിരിഞ്ഞ പലരെയും കാന്തപുരം പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ച്‌ കൂടെ നിര്‍ത്തുകയായിരുന്നുവെന്നാണ്‌ ഇപ്പോള്‍ പുറത്ത്‌ വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്‌.

കുവൈത്തില്‍ ആദര്‍ശ വിരോധികളോട്‌ ചേര്‍ന്ന്‌ കരാറുണ്ടാക്കിയ കാന്തപുരത്തിനെതിരെ 1990 ജനുവരി 11-ന്‌ മലപ്പുറം മാളിയേക്കല്‍ ടൂറിസ്റ്റ്‌ ഹോമിലാണ്‌ യോഗം ചേര്‍ന്നത്‌. യോഗത്തില്‍ മാരായമംഗലം അബ്ദുറഹ്‌മാന്‍ ഫൈസി അദ്ധ്യക്ഷത വഹിക്കുകയും കുവൈത്ത്‌ കരാര്‍ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത്‌ നിര്‍ജ്ജീവത സൃഷ്‌ടിക്കാന്‍ കാരണമായതായി വിലയിരുത്തുകയും ചെയ്‌തു. സുപ്രധാനവും നയപരവുമായ കുവൈത്ത്‌ സംഭവത്തിന്റെ പേരില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ മുശാവറയില്‍ സംഘടനാ നന്മ ലക്ഷ്യമാക്കി ശാസിക്കണമെന്നാണ്‌ 17 പ്രമുഖരുടെ ഒപ്പ്‌ ശേഖരിച്ച്‌ വിഘടിത മുശാവറക്ക്‌ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്‌. കത്തില്‍ പേരെഴുതി ഒപ്പുവെച്ച പ്രമുഖര്‍ 1- പി.കെ. അബ്‌ദു മുസ്‌ലിയാര്‍ എ.ആര്‍. നഗര്‍, 2- പി. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, 3- എം.പി. മുസ്‌തഫല്‍ ഫൈസി, 4- വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, 5- കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, 6- വി. അബ്ദുറഹിമാന്‍ ഫൈസി തോട്ടുപൊയില്‍, 7- എം. സുലൈമാന്‍ ഫൈസി കുഴിമണ്ണ, 8- പി.എം.കെ ഫൈസി, 9- കെ.എ. റഹ്‌മാന്‍ ഫൈസി, 10- കെ. കുഞ്ഞിമുഹമ്മദ്‌ ഫൈസി വാളക്കുളം, 11- ടി.ടി. മഹ്‌മൂദ്‌ ഫൈസി, 12- പാറമ്മല്‍ അബൂബക്കര്‍, 13- ടി. കുഞ്ഞലവി ഫൈസി, 14- പി. മുഹമ്മദ്‌ ഫൈസി വെള്ളില, 15- പി. അബൂബക്കര്‍ ശര്‍വാനി, 16- വി.എന്‍. ബാപ്പുട്ടി ദാരിമി, 17- പി.എച്ച്‌. അബ്ദുറഹിമാന്‍ ദാരിമി എന്നിവരാണ്‌.

കുവൈത്ത്‌ കരാറിലൂടെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സുന്നത്ത്‌ ജമാഅത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന പ്രവര്‍ത്തി ചെയ്‌തുവെന്ന്‌ വ്യക്തമായി ബോധ്യം വന്നതിനാലാണ്‌ അദ്ദേഹത്തിനെതിരെ യോഗം ചേര്‍ന്ന്‌ ഒപ്പ്‌ ശേഖരണം നടത്തി ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ രംഗത്ത്‌ വന്നത്‌. ആദര്‍ശ ബോധമുള്ളവരും സത്യസന്ധരുമായ ഈ ലിസ്റ്റിലെ പലരും സമസ്‌തയിലേക്ക്‌ തിരിച്ചുവന്നു. എന്നാല്‍ ആദര്‍ശത്തേക്കാള്‍ പ്രധാനം പണവും സുഖസൗകര്യങ്ങളുമാണെന്ന്‌ ധരിച്ചവര്‍ ഇപ്പോഴും വിഘടിത പാളയത്തില്‍ തന്നെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇലനക്കി കഴിയുകയാണ്‌.

No comments:

Post a Comment