Wednesday 24 October 2012

മിനാ മന്ത്രമുഖരിതം; ഹജ്ജിനു തുടക്കമായി


മിനാ മന്ത്രമുഖരിതം; ഹജ്ജിനു തുടക്കമായി
മക്ക: പാപമോചനവും ജീവിതവിശുദ്ധിയും കൈവരിക്കാനുള്ള ദൈവവിളിക്ക് ഉത്തരമായി ചുണ്ടുകളില്‍ തല്‍ബിയത്ത് മന്ത്രങ്ങളുമായി മക്കയിലെ ഭക്തജനസാഗരം നാലു കിലോമീറ്റര്‍ അപ്പുറമുള്ള മിനായിലേക്ക് പരന്നൊഴുകിത്തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ ചെറുസംഘങ്ങളായി തുടങ്ങിയ പ്രയാണം ബുധനാഴ്ച പ്രഭാതപ്രാര്‍ഥനക്കു ശേഷം മഹാപ്രവാഹമായി മാറുകയായിരുന്നു. ‘അല്ലാഹുവേ, നിന്‍െറ വിളിക്കുത്തരമായി ഞാനിതാ എത്തി’ എന്നര്‍ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തല്‍ബിയത്ത് ആവേശപൂര്‍വം ഏറ്റുചൊല്ലി ആബാലവൃദ്ധം തീര്‍ഥാടകര്‍ മക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നു മിനായിലേക്കു നീങ്ങുകയാണ്. വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മുഴുവന്‍ മിനായില്‍ എത്തിച്ചേരും. രാത്രി മുഴുവന്‍ പ്രാര്‍ഥനകളുമായി അവിടെ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച തീര്‍ഥാടകര്‍ ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി തിരിക്കും. വിദേശത്തു നിന്നെത്തിയ 18 ലക്ഷം തീര്‍ഥാടകരടക്കം ഈ വര്‍ഷം 25 ലക്ഷത്തോളം പേര്‍ ഹജ്ജില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൗദി ഭരണകൂടത്തിന്‍െറ കണക്ക്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനം ഉറപ്പുവരുത്താനുള്ള മുഴുവന്‍ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റി മുഖേന 125,000 പേരും സ്വകാര്യഗ്രൂപ്പുകള്‍വഴി 45,000 പേരുമടക്കം ഇന്ത്യയില്‍ നിന്ന് 1,70,000 ഓളം തീര്‍ഥാടകരാണ് ഈ വര്‍ഷം എത്തിയിട്ടുള്ളത്.
തിരക്കൊഴിവാക്കാനായി കേരളത്തില്‍ നിന്നുള്ള ഹാജിമാരെ ചൊവ്വാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിച്ചുതുടങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ ശാര ജൗഹറ, സൂഖുല്‍ അറബ് റോഡുകളിലെ തമ്പുകളിലാണ് കഴിയുന്നത്. തീര്‍ഥാടകര്‍ പൊതുവെ സംതൃപ്തരാണെന്ന് മലയാളി വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹനീഫ പറഞ്ഞു. 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ മലയാളികളായ 28 വളണ്ടിയര്‍മാര്‍ മലയാളിഹാജിമാരുടെ സേവനത്തിനായി മിനായിലുണ്ട്. ഇതാദ്യമായി ഇത്തവണ തീര്‍ഥാടകര്‍ക്ക് മിനായില്‍ മുതവ്വിഫുമാരുടെ വക ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിക്ക് മിനായില്‍ നിന്നു അറഫയിലേക്കുള്ള ട്രെയിന്‍സര്‍വീസ് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ അവിടെ നിന്നു മുസ്ദലിഫയിലേക്കും ട്രെയിന്‍ തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തും.

No comments:

Post a Comment